ശ്രീ പൂർണ്ണത്രയീശന്റെ സ്വർണ്ണ തലേക്കെട്ടും കോലവും അമൂല്യവസ്‌തുവായി സൂക്ഷിക്കണം എന്ന ആവശ്യം ശക്തം

ശ്രീ പൂർണ്ണത്രയീശന്റെ ഉത്സവത്തിനു തൃക്കേട്ട നാൾ മുതൽ ഉപയോഗിക്കുന്ന രാജഭരണകാലത്ത് നിർമിച്ച സ്വർണ്ണ തലേക്കെട്ടും കോലവും അത് പോലെ നില നിർത്തണം എന്ന ആവശ്യം ശക്തമാകുന്നു. കൊച്ചി ദേവസ്വം ബോർഡും ശ്രീ പൂർണ്ണത്രയീശ സേവാ സംഘവും ആണ് പുതിയ സ്വർണ്ണ തലേക്കെട്ടും കോലവും നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പണപിരിവും നടന്നു വരുന്നു. പുതിയതായി നിർമ്മിക്കുന്നു എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന തലേകെട്ടിൽ നിന്നും കോലത്തിൽ നിന്നും സ്വർണ്ണം ഉരുക്കിയാണ് പുതിയത് നിർമ്മിക്കുന്നത് എന്ന വാർത്ത അക്ഷരാർത്ഥത്തിൽ ഭക്തജനങ്ങളെയും ദേശവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്. രാജഭരണകാലത്തു നിർമ്മിച്ചതും വിലമതിക്കാനാവാത്തതും അമൂല്യങ്ങളുമായ നിരവധി രത്നങ്ങളും കല്ലുകളും പതിച്ചതാണ് പൂർണ്ണമായും സ്വർണ്ണത്തിൽ നിർമ്മിച്ച തലേക്കെട്ടും കോലവും. 100ൽ അധികം വര്ഷം പഴക്കമുള്ളതാണ് ഈ വസ്തുക്കൾ. സ്ഥാനമൊഴിഞ്ഞ രാജർഷി മഹാരാജാവ് ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന 14 തലേക്കെട്ടുകൾ ഉപയോഗിച്ചാണ് കൊച്ചി റെയിൽ പാത സാക്ഷാത്കരിച്ചത്. ആ ഗണത്തിൽ പെട്ട തലേക്കെട്ടാണ് അതിന്റെ പുരാവസ്തുപരമായ മൂല്യം അറിയാതെ ദേവസ്വം അധികൃതർ നശിപ്പിക്കാൻ ശ്രമിക്കുന്നത്. വലിയ ആനകൾക്ക് ചേർന്നതല്ല ഇപ്പോഴുള്ള നെറ്റിപ്പട്ടം എന്നാണ് പുതിയത് നിർമ്മിക്കാൻ അധികൃതരുടെ ന്യായം. എന്നാൽ ചെങ്ങല്ലൂർ രംഗനാഥൻ, ചേന്നാസ്, ചേലൂർ, നാണു എഴുത്തച്ഛൻ ശ്രീനിവാസൻ എന്നീ വളരെ വലുപ്പമുള്ള ആനകൾക്ക് വരെ ഇതേ തലേക്കെട്ടാണ് ഉപയോഗിച്ചിരുന്നത് എന്ന് ക്ഷേത്രകാര്യങ്ങളിൽ അറിവുള്ളവർ ഉദാഹരണ സഹിതം തെളിയിക്കുന്നു. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമിയുടെ കൽമണ്ഡപം പൊളിച്ചു ക്ഷേത്ര പൈതൃകത്തെ വെല്ലുവിളിച്ച ശക്തികൾ തന്നെയാണ് തൃപ്പൂണിത്തുറയിലും പൈതൃക വെല്ലുവിളി നടത്തുന്നതെന്ന് ഭക്തജനങ്ങൾ ആരോപിച്ചു. മുൻപ് ക്ഷേത്ര സ്വത്തുക്കൾ തൃശൂരിലേക്ക് മാറ്റാൻ ശ്രമിച്ച ദേവസ്വം ബോർഡിനെ കോടതി അതിൽ നിന്നും വിലക്കിയിട്ടുണ്ട്. അത് പോലെ സ്വർണ്ണ കോലത്തിന്റെയും തലേകെട്ടിന്റെയും കാര്യത്തിൽ കോടതിയെ സമീപിക്കുവാനും ശ്രീ പൂർണ്ണത്രയീശന്റെ അനുഗ്രഹത്താൽ നീതി ലഭിക്കുമെന്നും ഭക്തജനങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.