ശ്രീ പൂർണ്ണത്രയീശന്റെ അമൂല്യമായ സ്വർണ്ണതലേക്കെട്ട് ഉരുക്കി നശിപ്പിച്ചതിനെതിരെ |നാൾവഴികളും അനുബന്ധസംഭവങ്ങളും

03.03.2016: മാതൃഭൂമി ദിനപത്രത്തിൽ ശ്രീ പൂർണ്ണത്രയീശന് പുതിയ സ്വർണ്ണതലേക്കെട്ട് നിർമ്മിക്കുന്നത് സംബന്ധിച്ച വാർത്ത വരുന്നു. പഴയ തലേക്കെട്ട് വലിയ ആനകൾക്ക് ചേരില്ല എന്ന മണ്ടൻ ന്യായം സേവാ സംഘം പ്രസിഡന്റിന്റെ വാദം അതിൽ പ്രസിദ്ധീകരിക്കുന്നു. പക്ഷെ പഴയ തലേക്കെട്ട് നശിപ്പിക്കും എന്ന അതിലെ വാചകം ഞെട്ടൽ ഉണ്ടാക്കുന്നു.
04.03.2016: കൃഷ്ണനാഥും സതീഷ് വർമ്മയും കൂടി ദേവസ്വം ആപ്പീസർ ശ്രീ. അജയകുമാറിനെ കണ്ട് പഴയ തലേക്കെട്ട് സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കോടതി ഉത്തരവ് ഉണ്ട് എന്ന വലിയ നുണ(നുണയാണ് പറഞ്ഞത് എന്ന് മനസ്സിലായത് കോടതിയെ സമീപിച്ചപ്പോഴാണ്) പറയുന്നു. എങ്കിൽ ഞങ്ങൾ കോടതിയെ സമീപിക്കാം. അത് വരെ ഒന്നും ചെയ്യരുത് എന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു. ഹൈക്കോടതി നിയമിച്ച കമ്മീഷണർ അഡ്വ എം സി മാധവൻ കാണാൻ പോലും കൂട്ടാക്കാക്കിയില്ല. പരിചയമുള്ള സേവാ സംഘം മെമ്പർമാരോട് തലേക്കെട്ട് സംരക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു
05.03.2016: കൊച്ചി രാജകുടുംബത്തിലെ തലമുതിർന്ന അംഗം ഹൈമവതി തമ്പുരാൻ ഉൾപ്പെടെയുള്ളവർ ഒപ്പിട്ട നിവേദനം ദേവസ്വം ഓഫീസർക്ക് സമർപ്പിക്കുന്നു. കൂടാതെ ദേവസ്വം ഓഫീസറെ നേരിട്ട് വിളിച്ച് തമ്പുരാൻ തലേക്കെട്ട് നശിപ്പിക്കാതിരിക്കുവാൻ അഭ്യർത്ഥിക്കുന്നു. പുതിയത് ഉണ്ടാക്കുവാനുള്ള സഹായവും അറിയിക്കുന്നു. നിവേദനത്തിന്റെ ഒരു കോപ്പി സേവാ സംഘം പ്രസിഡന്റ് ശ്രീ. ജയൻ മാങ്കായിലിന് നൽകുന്നു. എന്നാൽ ഇതിൽ ഒന്നും കാര്യമില്ല എന്ന അദ്ദേഹത്തിന്റെ ഭാവം എല്ലാവരും അറിഞ്ഞു കൊണ്ടുള്ള ഒത്തുകളി ആണോ എന്ന സംശയം ജനിപ്പിക്കുന്നു….
06.03.2016: കുംഭമാസത്തിലെ തിരുവോണം. ഭഗവാന്റെ പറ ഉത്സവത്തിന്റെ ആറാട്ട്. ഭഗവാന്റെ വലിയ ഉത്സവത്തിനു കൊടിയേറി നാലാം നാൾ മുതൽ ആണ് സ്വർണ്ണതലേക്കെട്ടും സ്വർണ്ണക്കോലവും ഉപയോഗിക്കുന്നതെങ്കിൽ, പറ ഉത്സവത്തിന് അത് കൊടിയേറി രണ്ടാം നാൾ തൊട്ട് വേണം. അതായത് കൊച്ചി രാജകുടുംബത്തിലെ പറ എടുക്കുമ്പോൾ സ്വർണ്ണ തലേക്കെട്ട് വേണം. എത്ര അഭേദ്യമായ ബന്ധം! പറഞ്ഞു വരുന്നത് പഴയ തലേക്കെട്ട് 2016 മാർച്ച് 06 വരെ ഉപയോഗിച്ചിരുന്നു എന്നാണ്.
അന്നേ ദിവസം ആറാട്ട് സമയത്ത് സേവാ സംഘം പ്രവർത്തക സമിതിയിലെ ചില മുതിർന്ന അംഗങ്ങളെ(മുൻ പ്രസിഡന്റ് ആയിരുന്നവർ) നേരിൽ കണ്ട് സേവാ സംഘം നെറ്റിപ്പട്ടം നശിപ്പിക്കുന്നതിന് കൂട്ട് നിൽക്കരുത് എന്ന് അഭ്യർത്ഥിച്ചത്. എന്ത് ചെയ്യാൻ! ഏകാധിപത്യം ആണല്ലോ സേവാ സംഘത്തിൽ!
07.03.2016: ശിവരാത്രി. കൊച്ചി രാജകുടുംബത്തിലെ അനിയൻ തമ്പുരാൻ ഉൾപ്പെടെ 4 പേർ നെറ്റിപ്പട്ടം നശിപ്പിക്കുന്നതിനെതിരെ ബഹുമാനപെട്ട ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിക്കുന്നു.
08.03.2016: ബഹുമാനപെട്ട ഹൈക്കോടതി സ്റ്റേ അനുവദിക്കാതെ കേസ് ദേവസ്വം ബെഞ്ച് സാധാരണ കേൾക്കുന്ന ബുധനാഴ്ചയിലേക്ക് മാറ്റുന്നു.
09.03.2016, ബുധൻ. ദേവസ്വം ബെഞ്ച് സാധാരണ ബുധനാഴ്ച്ചയാണ് പതിവ്. ഹൈക്കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷണർ എം. സി. മാധവന്റെ ഗുമസ്തൻ കൊച്ചി രാജകുടുംബം വക്കാലത് നൽകിയ വക്കീലിന്റെ ഗുമസ്തനെ കണ്ട് തന്റെ വക്കീൽ ഇന്ന് ഹാജരാവില്ല എന്നും അതിനാൽ കേസ് നീട്ടി വെക്കാൻ പോവുകയാണെന്നും പറയുന്നു. ശ്രീ പൂർണ്ണത്രയീശന്റെ സ്വർണ്ണം വെള്ളി ഉരുപ്പടികൾ ദേവസ്വം ഹെഡ് ആപ്പീസിലേക്ക് മാറ്റുന്നതിന് എതിരെ ടി.ജി. മോഹൻദാസ് കൊടുത്ത കേസ് പരിഗണിക്കുന്നതോടൊപ്പം ഈ കേസും പരിഗണിച്ചു. 34ആം നമ്പർ ആയി പോസ്റ്റ് ചെയ്തിരുന്ന കേസ് ഒന്നാം നമ്പർ ആയി വിളിക്കുന്നു! ഹാജരാവില്ല എന്ന് പറഞ്ഞ അഡ്വക്കേറ്റ് കമ്മീഷണർ അതാ പന പോലെ നിൽക്കുന്നു! തലേക്കെട്ട് 1976ൽ പുതുക്കി പണിതു എന്ന് പറഞ്ഞത് ഞെട്ടലോടെ വാദികൾ കേൾക്കുന്നു.
സ്റ്റേ അനുവദിച്ചില്ല. പുതിയകാവ് താലപ്പൊലി ആയതിനാൽ സേവാ സംഘം പ്രവർത്തക സമിതി യോഗവും അന്ന് വൈകീട്ട് നടന്നില്ല.
10.03.2016: തലേദിവസം നടന്ന കാര്യങ്ങളിൽ ദുഃഖിതനായ മറ്റൊരു കൊച്ചി രാജകുടുംബാംഗം ശ്രീകാന്ത് വർമ്മയും മറ്റൊരു അംഗവും കൂടി മുൻസിഫ് കോടതിയെ സമീപിച്ച് സ്യൂട്ട് ഫയൽ ചെയ്യുന്നു. ശ്രീകാന്ത് വർമ്മ സേവാ സംഘം പ്രവർത്തക സമിതി അംഗവും ആണ്. മുൻസിഫ് കോടതി ഇൻജംഗ്ഷൻ അനുവദിക്കുന്നു. ഭക്തർ ആഹ്ലാദിക്കുന്നു.
11.03.2016: മുൻസിഫ് കോടതിയുടെ ഇൻജംഗ്ഷൻ ഓർഡർ ദേവസ്വം ഓഫിസർക്കും സേവാ സംഘം ഭാരവാഹികൾക്കും കൈമാറുന്നു. പഴയ അമൂല്യമായ തലേക്കെട്ട് സംരക്ഷിക്കുവാൻ കഴിഞ്ഞു എന്ന ധാരണയിൽ എല്ലാവരും സന്തോഷിക്കുന്നു.
12.03.2016: അമൂല്യമായ തലേക്കെട്ട് നശിപ്പിക്കരുത് എന്നും, സേവാ സംഘം നില കൊള്ളേണ്ടത് പൈതൃകം സംരക്ഷിക്കാൻ വേണ്ടിയാകണം എന്നും ഓർമ്മിപ്പിച്ചു കൊണ്ട് 17 സേവാ സംഘം അംഗങ്ങൾ ഒപ്പിട്ട ഒരു നിവേദനം സേവാ സംഘം പ്രസിഡന്റിന് കൈമാറുന്നു. അപ്പോഴും പഴയത് നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ ആണ് പ്രസിഡന്റ് പെരുമാറിയത്. ഈ നിവേദനത്തിന് മറുപടി നാളിതുവരെ ലഭിച്ചിട്ടില്ല.
13.03.2016, 14.03.2016: ഒന്നും സംഭവിച്ചില്ല
15.03.2016: സേവാ സംഘം അംഗങ്ങൾ കൂടിയായ പൈതൃക സംരക്ഷകരെ ഞെട്ടിച്ചു കൊണ്ട് സേവാ സംഘം ഹൈക്കോടതിയിൽ ഇൻജംഗ്ഷൻ ഓർഡറിന് എതിരെ IA ഫയൽ ചെയ്യുന്നു. ഓർക്കുക, ഇൻജംഗ്ഷൻ ഓർഡർ പഴയത് നശിപ്പിക്കരുത് എന്ന് മാത്രമാണ്. പുതിയതിന്റെ നിർമ്മാണത്തിന് ഒരു തടസവും ഇല്ല എന്നിരിക്കെ സേവാ സംഘം എന്തിനാണ് ഇൻജംഗ്ഷൻ ഓർഡറിന് എതിരെ പ്രവർത്തിക്കുന്നത്? ഒരു പ്രവർത്തക സമിതി യോഗം പോലും വിളിക്കാതെ എങ്ങിനെയാണ് ഒരു സംഘടനയ്ക്ക് കോടതിയിൽ മറുപടി നൽകാൻ ആവുക? സേവാ സംഘം പ്രവർത്തക സമിതി അംഗമായ ശ്രീകാന്ത് വർമ്മ അറിയാതെ ഇനി ഒരു പ്രവർത്തക സമിതി യോഗം നടന്നിട്ടുണ്ടോ? അങ്ങിനെയെങ്കിൽ സേവാ സംഘം ചെയ്ത് കൂട്ടുന്നത് മുഴുവനും സേവാ സംഘം നിയമാവലിക്ക് എതിരല്ലേ? ഓർക്കുക, അപ്പോഴും കൊച്ചി ദേവസ്വം ബോർഡ് ഗൂഢമായ മൗനം പാലിക്കുന്നു.
16.03.2016, ബുധൻ: ദേവസ്വം ബെഞ്ച്. സേവാ സംഘം കൊടുത്ത അപേക്ഷ പരിഗണിച്ച കോടതി സ്യൂട്ട് ഹൈകോടതിയിലേക്ക് വിളിപ്പിക്കുന്നു. ഒരു പൗരന് ലഭിക്കേണ്ട സാമാന്യ നീതി നിഷേധിക്കപ്പെടുന്നു! നെറ്റിപ്പട്ടം മാർച്ച് 10ന് dismantle ചെയ്തു എന്ന് അഡ്വക്കേറ്റ് കമ്മീഷണർ എം. സി. മാധവൻ കോടതിയെ അറിയിക്കുന്നു. കേസ് മാർച്ച് 23, ബുധനാഴ്ചയിലേക്ക് മാറ്റുന്നു.
23.03.2016, ബുധൻ. എല്ലാ ഭക്തരും പ്രാർത്ഥനയിൽ. ശ്രീകാന്ത് വർമ്മയ്ക്ക് വേണ്ടി പ്രശസ്ത അഭിഭാഷകൻ അഡ്വ കെ. രാംകുമാർ ഹാജരാവുന്നു. വാദികളുടെ അപേക്ഷ കേട്ട കോടതി പഴയ നെറ്റിപ്പട്ടം അത് പോലെ സംരക്ഷിക്കാനും, പുതിയതിന്റെ നിർമ്മാണ ആവശ്യത്തിന് ദേവസ്വത്തിന്റെ റീസെർവ് സ്റ്റോക്കിൽ നിന്നും സ്വർണ്ണം ലഭ്യമാക്കി നിർമ്മാണം മുന്നോട്ട് കൊണ്ട് പോകുവാനും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നു. ഭക്തർ വീണ്ടും ആഹ്ലാദിക്കുന്നു. ആരും പുതിയത് നിർമ്മിക്കുന്നതിന് എതിരല്ലല്ലോ! കേസ് ഏപ്രിൽ 01 വെള്ളിയാഴ്ചയ്ക്ക് മാറ്റുന്നു!!!!
01.04.2016 വെള്ളി: മറ്റ് ദിനങ്ങളിലെ പോലെ ഈ കേസ് ക്രമം മാറ്റി വിളിക്കുന്നു. സീനിയർ അഭിഭാഷകൻ മറ്റൊരു കോടതിയിൽ മറ്റൊരു കേസിന്റെ വാദത്തിലാണ്. കേസ് എടുക്കുന്നു. വീണ്ടും ഒരു ഇടക്കാല ഉത്തരവ്! ‘Utilizing the old golden head gear, new Golden Head Gear can be made. …. The antique and commercial value of those ornaments can be dealt with later on.’
ഈ ഉത്തരവ് ദുർവ്യാഖ്യാനിച്ചാണ് ശ്രീ പൂർണ്ണത്രയീശന്റെ അമൂല്യമായ പഴയ സ്വർണ്ണ തലേക്കെട്ട് എന്നന്നേക്കുമായി ഇല്ലാണ്ടാക്കിയത്. ഈ ഉത്തരവിൽ എവിടെയാണ് ഉരുക്കാൻ (melting) പറഞ്ഞിട്ടുള്ളത്? ഉരുക്കിയാൽ എങ്ങിനെയാണ് പുരാവസ്‌തു മൂല്യം കണക്കാക്കാൻ സാധിക്കുക…
ഇതിനു ദേവസ്വവും സേവാ സംഘവും ശ്രീ പൂർണ്ണത്രയീശനോടും, ഭഗവാന്റെ മുന്നിൽ കാണിയ്ക്കയിട്ടും ഇടാതെയും പ്രാർത്ഥിക്കുന്ന ഭക്തരോടും മറുപടി പറഞ്ഞേ മതിയാവൂ….
01.04.2016ന് സമർപ്പിക്കാൻ വേണ്ടി 2015ലെ പഴയ ചില വിധിപകർപ്പുകൾ വേണ്ടി വരുന്നു. അത് ആരുടെ കൈയ്യിലും ഇല്ലാത്തതിനാൽ കോടതിയുടെ റെക്കോർഡ് റൂമിൽ നിന്നും ലഭിക്കാൻ അപേക്ഷ കൊടുക്കുമ്പോൾ ആ കേസിന്റെ ഫയലുകൾ മാത്രം റെക്കോർഡ് റൂമിൽ കാണുന്നില്ല.
01.04.2016 ലെ ഇടക്കാല ഉത്തരവ് അധികാരികൾ ദുർവ്യാഖ്യാനം ചെയ്യും എന്ന് ഊഹിക്കാൻ സാമാന്യബുദ്ധി ധാരാളം. അല്ലെങ്കിൽ ഉത്തരവിന്റെ certified copy ലഭിക്കാതെ വെള്ളിയാഴ്ച ഇടക്കാല വിധി വന്ന് ശനിയാഴ്ച്ച തന്നെ നെറ്റിപ്പട്ടം ഉരുക്കുന്നതിനായി ചെമ്മണ്ണൂർ ഗോൾഡ് റിഫൈനറിയെ ഏൽപ്പിക്കുന്നു. പതിവുപോലെ ബുധനാഴ്ച്ച ആണ് കേസ് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു. ഒന്നാം തിയ്യതിക്ക് ശേഷം കേസ് പോസ്റ്റ് ചെയ്തത് മെയ് 25 വീണ്ടും ഒരു ബുദ്ധനാഴ്ചയ്ക്ക് ആയിരുന്നു. ഇത് ദൈവഹിതമോ, നീതിഹിതമോ, ഹിതമാക്കപ്പെട്ടതോ? അറിയില്ല…. ശ്രീ പൂർണ്ണത്രയീശൻ ശരണം
07.04.2016: മാർച്ച് 23, ഏപ്രിൽ 1 എന്നീ തീയ്യതികളിലെ വിധിപകർപ്പുകളും മറ്റ് രേഖകളും ലഭിക്കുന്നു. ഇതിലാണ് കുംഭമാസത്തിലെ ഉത്രം നാളിൽ (25.02.2016) നടന്ന മീറ്റിംഗിന്റെ മിനിട്സ് പകർപ്പ് ലഭിക്കുന്നത്. തന്ത്രിമാർ ആരും പങ്കെടുക്കാത്ത ആ മീറ്റിംഗിലാണ് അമൂല്യ നെറ്റിപ്പട്ടം ഉരുക്കുവാൻ, അതും വെറും 2.5kg സ്വർണത്തിന് വേണ്ടി ഉരുക്കുവാൻ തീരുമാനിക്കുന്നത്.
മറ്റ് രേഖകൾ കൂടി പരിശോധിച്ചപ്പോൾ ആണ് പല ഉള്ളുകളികളും മനസ്സിലാവുന്നത്.
2015ൽ നടന്നത്: ആദ്യം 6kg സ്വർണ്ണം ദേവസ്വത്തിന്റെ സെൻട്രൽ സ്റ്റോക്കിൽ നിന്നും എടുക്കാൻ കോടതി ഉത്തരവ് നൽകുന്നു. ഇതിനിടയിൽ ക്ഷേത്രത്തിൽ ഉള്ള സ്വർണ്ണവും ഉപയോഗിക്കണം എന്ന് പറഞ്ഞുകൊണ്ട് കോടതിയിൽ ഹർജി സമർപ്പിക്കുന്നു. ഇത് എന്തിനായിരുന്നു എന്നത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. കോടതിയുടെ ആദ്യ ഉത്തരവ് പാലിച്ചിരുന്നെങ്കിൽ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന സ്വർണ്ണം അവിടെ തന്നെ ഇരുന്നേനെ. പുതിയ തലേക്കെട്ടും ഉണ്ടായേനെ. സേവാ സംഘം സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി ക്ഷേത്രത്തിൽ ഉള്ള സ്വർണ്ണവും ഉപയോഗിക്കാം എന്ന് പറയുന്നു
ഇതൊക്കെ കണ്ടപ്പോഴാണ് സുപ്രീംകോടതിയിൽ പോയി നീതി തേടാൻ തീരുമാനിക്കുന്നത്…
സേവാ സംഘം പ്രവർത്തക സമിതി അംഗം ആയിരുന്ന ശ്രീകാന്ത് വർമ്മ ആയിരുന്നു മുൻസിഫ് കോടതിയെ സമീപിച്ച കൊച്ചി രാജകുടുംബാംഗം. ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ഗോദവർമ്മരാജ ആയിരുന്നു സേവാ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്. (അദ്ദേഹത്തെ പോലെയും രാമൻ നമ്പൂതിരിയെ പോലെയും ഉള്ള മാതൃകാ പ്രവർത്തകർ സേവാ സംഘം പ്രസിഡന്റ് ആയി ഇരുന്നുകൊണ്ട് വേണ്ട രീതിയിൽ ഭരിച്ചിരുന്നു എന്നത് ഇന്ന് നല്ല ഓർമ്മകൾ മാത്രം). മാർച്ച് 16ന് നടന്ന സേവാ സംഘം പ്രവർത്തക സമിതി യോഗത്തിൽ ആദ്യാവസാനം ശ്രീകാന്ത് പങ്കെടുത്തിരുന്നു. മറ്റ് അംഗങ്ങൾ എല്ലാവരും കോടതിയെ സമീപിച്ചതിന് ശ്രീകാന്തിനെ വിമർശിച്ചു. പക്ഷെ ആർക്കും ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടുന്നതിൽ യാതൊരു വ്യസനവും ഉണ്ടായിരുന്നില്ല എന്നത് നമുക്ക് വേദനാജനകമാണ്. യോഗ്യത ഉള്ളവർ വേണം അധികാരസ്ഥാനത്ത് ഇരിക്കേണ്ടത് എന്ന് ഈ നടപടികൾ നമ്മളെ ഓർമിപ്പിക്കുന്നു.
വളരെ വിചിത്രമായി തോന്നിയത്, മാർച്ച് 18ന് ശ്രീകാന്തിന് കാരണം കാണിക്കൽ നോട്ടീസ്, സേവാ സംഘത്തിൽ നിന്നും പുറത്താക്കാതിരിക്കുവാൻ, കിട്ടിയതാണ്. അങ്ങിനെ ഒരു നോട്ടീസ് അയക്കണമെങ്കിൽ പ്രവർത്തക സമിതി ചർച്ച ചെയ്യണം. 16ആം തീയ്യതിയിലെ യോഗത്തിൽ ശ്രീകാന്ത് ആദ്യാവസാനം പങ്കെടുത്തിരുന്നതുമാണ്. അപ്പോൾ ആ യോഗത്തിൽ ചർച്ച ചെയ്യാത്ത ഒരു നടപടി എങ്ങിനെ ഉണ്ടായി? ഇവിടെയാണ് റാൻ മൂളികൾ പ്രസക്തരാവുന്നത്!
ഏപ്രിൽ മാസം അവസാനത്തോട് കൂടി മുപ്പതോളം സേവാ സംഘം അംഗങ്ങൾ ഒപ്പിട്ട ഒരു നിവേദനം സേവാ സംഘം ഭരണാധികാരികൾക്ക് സമർപ്പിക്കുന്നു. ആവശ്യം സേവാ സംഘം നടത്തിയതും നടത്തി വരുന്നതുമായ ദുഷ്പ്രവൃത്തികൾ നിർത്തണം. ഇതിനായി ഒരു പൊതുയോഗം വിളിക്കണം. സേവാ സംഘം ഭരണാധികാരികൾ ഈ ആവശ്യത്തെ ലഘൂകരിച്ചു കണ്ടു. സേവാ സംഘം നിയമാവലിയിലെ നിർദ്ദേശങ്ങൾ പാലിക്കാതെ പൊതുയോഗം വിളിക്കുന്നു. ചില അംഗങ്ങൾക്ക് ആ പൊതുയോഗത്തിന്റെ നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല! കിട്ടിയ അംഗങ്ങൾക്ക് നോട്ടീസിൽ പൊതുയോഗം ചർച്ച ചെയ്യേണ്ട വിഷയം ഇല്ല. 15 ദിവസം മുൻപ് നോട്ടീസ് അംഗങ്ങൾക്ക് അയക്കേണ്ട നോട്ടീസ് അയച്ചത് അഞ്ചും ആറും ദിവസങ്ങൾക്ക് മുൻപ് മാത്രം. അസാമാന്യ പൊതുയോഗത്തിന് യാതൊരു നിയമസാധുതയും ഇല്ലാണ്ടാക്കി തീർത്തതും ഗൂഡാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരുന്നു. കാരണം ആ പൊതുയോഗം വേണ്ട രീതിയിൽ നടക്കരുത് എന്ന് ഭാരവാഹികൾ നിശ്ചയിച്ചിരിക്കണം! അതിന് താങ്ങേകി കുറെയേറെ റാൻ മൂളികളും! ഒരിക്കലും നിയമസാധുത ഇല്ലാത്ത ആ പൊതുയോഗത്തിൽ നിന്നും പൈതൃക സംരക്ഷകരായ അംഗങ്ങൾ ഇറങ്ങി പോയി.
ആ പൊതുയോഗം ദിവസം സേവാ സംഘം സെക്രട്ടറി ചോദിച്ചതാണ് ഒരു RTI ഫയൽ ചെയ്യാമായിരുന്നില്ലേ എന്ന്. മാർച്ചിൽ തന്നെ RTI ഫയൽ ചെയ്തപ്പോൾ കിട്ടിയ മറുപടി നിങ്ങൾ ഇപ്പോൾ ഓർക്കുന്നുണ്ടാകും. ഇപ്പോൾ എന്റെ സംശയം, RTI യുടെ മറുപടിയും ഇവർ ഉണ്ടാക്കിയതാണോ?
23.05.2016: കൊച്ചി രാജകുടുംബാംഗങ്ങൾ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ ബഹുമാനപെട്ട സുപ്രീം കോടതി അനുവദിച്ച് കൊണ്ട് തൽസ്ഥിതി തുടരാൻ ഉത്തരവ് വരുന്നു. സുപ്രീം കോടതി അന്ന് അനുവദിച്ച ഒരേ ഒരു SLP ആയിരുന്നു ഇത്.
25.05.2016 ബുധൻ: വേനലവധി കഴിഞ്ഞിട്ട് ഹൈക്കോടതിയിൽ കേസ് വീണ്ടും വരുന്നു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സമർപ്പിക്കുന്നു. സുപ്രീം കോടതിയുടെ അവസാന വിധി വരുന്നത് വരെ കേസ് നീട്ടി വയ്ക്കുന്നു. അന്ന് അഡ്വക്കേറ്റ് കമ്മിഷണർ ഹൈക്കോടതിയിൽ അറിയിച്ചതാണ് എല്ലാം ഉരുക്കി! ഇനി കുറച്ചു മാത്രമേ ഉള്ളൂ….
സുപ്രീം കോടതിയിൽ സേവാ സംഘം ആണ് ആദ്യം counter affidavit ഫയൽ ചെയ്യുന്നത്. രസകരമായ ഒരു സംഭവം ഇതിൽ ഉണ്ടായി. Writ പെറ്റീഷൻ ഫയൽ ചെയ്ത ശ്രീ. അനിയൻ തമ്പുരാനെ ഈ affidavit ൽ അവർ പറഞ്ഞത് ‘claiming to be member of Cochin Royal Family’ എന്നാണ്. അതായത് സേവാ സംഘം മുൻ സെക്രട്ടറി കൂടി ആയിരുന്ന അനിയൻ ചേട്ടനെയാണ് സേവാ സംഘം ഇങ്ങിനെ അധിക്ഷേപിച്ചത് ചെയതത് എന്ന് പറയുമ്പോൾ എത്ര ഹീനമായിട്ടാണ് സേവാ സംഘം ഭരണാധികാരികൾ കാര്യങ്ങളെ സമീപിച്ചിരുന്നത് എന്ന് മനസ്സിലാവുമല്ലോ.
ദേവസ്വം ബോർഡിനെ പ്രതിനിധീകരിച്ച് ആദ്യ ദിവസം ആരും തന്നെ ഹാജരാവുന്നില്ല.
08.08.2016: ദേവസ്വം ബോർഡ് counter affidavit ഫയൽ ചെയ്യുന്നു.
19.09.2016:പൈതൃക സംരക്ഷകർ rejoinder ഫയൽ ചെയ്യുന്നു. കോടതി കേസ് 2017 ജനുവരിയിലേക്ക് നീട്ടി വയ്ക്കുന്നു. ഇത് കേൾക്കുന്ന ദേവസ്വം ബോർഡ് വക്കീൽ ഒന്നും മിണ്ടുന്നില്ല. അമൂല്യമായ നെറ്റിപ്പട്ടം ഉരുക്കി കഴിഞ്ഞല്ലോ! ഇനി ദേവസ്വം ബോർഡിന് എന്ത് ഉത്സവം എന്ത് ശ്രീ പൂർണ്ണത്രയീശൻ!
സേവാ സംഘം വക്കീൽ അപേക്ഷിച്ചത് പ്രകാരം കേസ് ഒക്ടോബറിലേക്ക് മാറ്റുന്നു.
17.10.2016: സുപ്രീം കോടതി SLP യിൽ തീർപ്പ് കല്പിക്കുന്നു. 23.05.2016ലെ സ്റ്റേ നില നിർത്തി കൊണ്ട് സ്യൂട്ടും റിട്ടും തീർപ്പാക്കുവാൻ ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപെടുന്നു.
കേസ് ഇപ്പോൾ വീണ്ടും കേരള ഹൈക്കോടതിയിൽ…
(28.10.2016) വെള്ളിയാഴ്ചയിലേക്ക് കേസ് പോസ്റ്റ് ചെയ്തിരിക്കുന്നു!!!
എല്ലാം ഭഗവാൻ ശ്രീ പൂർണ്ണത്രയീശന്റെ ഇച്ഛ പോലെ നടക്കട്ടെ……
ഇതിനിടയിൽ സേവാ സംഘം വാർഷിക പൊതുയോഗം വിളിച്ചു. വളരെ വിചിത്രമായ വാദഗതികൾ ചില സേവാ സംഘം ഭരണാധികാരികളുടെ ഭക്തർ ഉന്നയിക്കുകയുണ്ടായി
1. നമ്മുടെ വീട്ടിൽ പട്ടിണി ആണെങ്കിൽ നമ്മൾ വീട്ടിലുള്ള സ്വർണ്ണം വിൽക്കില്ലേ? അത് പോലെ കണ്ടാൽ മതി
എങ്ങിനെയുണ്ട് ന്യായീകരണം? ശ്രീ പൂർണ്ണത്രയീശൻ പട്ടിണിയിലാണോ? ആണെങ്കിൽ ആരാണ് ഉത്തരവാദി? അങ്ങിനെ നമ്മുടെ വീട്ടിൽ പട്ടിണി ആണെങ്കിൽ നമ്മൾ സ്വർണ്ണം വിറ്റ് 916 സ്വർണ്ണം മേടിക്കുമോ അതോ അരി മേടിക്കുമോ?
ശ്രീ പൂർണ്ണത്രയീശനെ കൊള്ളയടിക്കാൻ കൂട്ട് നിൽക്കുന്നതാണോ സേവാ സംഘം ചെയ്യേണ്ടത്?
2. utilizing എന്ന് പറഞ്ഞാൽ ഞങ്ങൾ ഉരുക്കും ഭരണാധികാരി വക..
ഏത്.. ശ്രീ പൂർണ്ണത്രയീശന്റെ സ്വത്ത്. കൊച്ചി ദേവസ്വം ബോർഡ് സൂക്ഷിപ്പുകാരൻ. സേവാ സംഘത്തിന് എന്ത് യോഗ്യത ഉണ്ട് ഭഗവാന്റെ സ്വത്ത് നശിപ്പിക്കാൻ?
ഭഗവാന്റെ സ്വത്ത് നശിപ്പിക്കുന്നതിന് കൂട്ട് നിൽക്കാൻ മാത്രമായി ഒരു സേവാ സംഘം ആവശ്യമുണ്ടോ?
സേവാ സംഘം അംഗങ്ങൾക്ക് പുല്ല് വില കല്പിക്കുന്ന ഒരു ഭരണ നേതൃത്വം എന്തിന്?
സ്വന്തം തറവാട്ടിൽ നിന്നും കൊണ്ട് വരുന്ന ദ്രവ്യങ്ങളാൽ ആണ് ഭരണാധികാരികൾ ധാർഷ്ട്യം കാണിക്കുന്നതെങ്കിൽ അത് സ്വന്തം തറവാട്ടിൽ കാണിച്ചാൽ പോരെ? ഭക്ത ജനങ്ങളുടെ കയ്യിൽ നിന്നും കാശ് പിരിച്ച് നില നിൽക്കുന്ന ഒരു സംഘടന കാശ് പിരിക്കുന്നത് കേസ് നടത്താനോ, സ്വത്ത് നശിപ്പിക്കാനോ അതോ ഭഗവത് സേവക്കോ?
ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നടന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ബഹു: ഹൈക്കോടതി നിരീക്ഷകനെ ഏർപ്പാട് ചെയ്യുന്നത് ഇവിടുത്തെ ദേവസ്വത്തിനെയും ഉപദേശക സമിതി രൂപത്തിൽ നിലകൊള്ളുന്ന സേവാ സംഘത്തിനെയും വിശ്വാസമില്ലാത്തത് കൊണ്ടല്ലേ?
ഇത് വരെ ഉത്തരം കിട്ടാത്ത ഒരു ചോദ്യം എന്തിനാണ് അമൂല്യവും അതിപുരാതനവും കൊച്ചി മഹാരാജാവിനാൽ ചരിത്രപരമായ മഹത്വം സിദ്ധിച്ചതുമായ ശ്രീ പൂർണ്ണത്രയീശന്റെ സ്വർണ്ണ നെറ്റിപ്പട്ടം ഉരുക്കി നശിപ്പിച്ചത്?
1. വെറും 2.5kg സ്വർണത്തിന് വേണ്ടിയാണോ? 2500 പേർ ഒരു ഗ്രാം വച്ച് ഭഗവാന് സമർപ്പിച്ചാൽ കിട്ടുന്നതല്ലേ 2.5kg സ്വർണ്ണം?
2. നിങ്ങൾ മാറ്റ് കുറവാണ് എന്ന് പറയുന്നുണ്ടല്ലോ. പിന്നെ എന്തിനാണ് ഉരുക്കിയത്
3. പുതിയത് ഒന്നല്ല പതിനഞ്ചണ്ണം നിർമ്മിക്കൂ.. പഴയത് എന്തിന് നശിപ്പിച്ചു
4. ഡിസംബർ 1ന് മാത്രം വേണ്ട സ്വർണ്ണ തലേക്കെട്ട് എന്തിനാണ് ധൃതി പിടിച്ച് മാർച്ചിൽ പണി തീർക്കാൻ വാശി പിടിച്ചത്
5. എന്തിനാണ് മാർച്ച് മാസം 4ന് ദേവസ്വം ഓഫിസർ നുണ പറഞ്ഞത്, ഉരുക്കാൻ കോടതി ഉത്തരവ് ഉണ്ടെന്ന്?
6. കോലം ഉരുക്കിയപ്പോൾ ആരും ഒന്നും പറഞ്ഞില്ലല്ലോ? പിന്നെ ഇപ്പോഴെന്തിനാ എതിർക്കുന്നത്? കോലം ഉരുക്കിയത് ആരും അറിഞ്ഞില്ലല്ലോ മാഷേ! ഉരുക്കി കഴിഞ്ഞിട്ടല്ലേ അറിയുന്നത്! മലർത്തി പൂവ് എന്ന അപൂർവ്വശൈലി നശിപ്പിച്ച് സാധാരണ കമഴ്ത്തി പൂവ് ആക്കിയില്ലേ? പിന്നെ മകുടം വ്യാജമാണ് എന്ന് കണ്ടെത്തിയത് കൊണ്ടല്ലേ പുതിയ കോലം പണിയാൻ തീരുമാനിച്ചത്. നെറ്റിപ്പട്ടം വ്യാജമാണ് എന്ന് ആരെങ്കിലും കണ്ടെത്തിയോ?
ഇനി എന്ത് കാണിച്ചാലും ആരും മിണ്ടാൻ പാടില്ലേ? കാലം മാറി. ഓരോന്നിനും മറുപടി പറഞ്ഞെ മതിയാവൂ.
 7. ഏപ്രിൽ ഒന്നാം തീയ്യതിയിലെ ഇടക്കാല ഉത്തരവ് വളച്ചൊടിച്ചു. ഉത്തരവിന്റെ certified copy വരുന്നതിനു മുമ്പ് എന്തിന് ഉരുക്കി.
8. രണ്ടര കോടി രൂപയോളം വില വരും പുതിയതിന്. ഇപ്പോൾ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ആവശ്യം വേണ്ടതാണോ ഇത്? ഈ അടുത്ത കാലം വരെ തൊട്ടാൽ കൈ കീറുന്ന പൂജാ പാത്രങ്ങൾ ആയിരുന്നില്ലേ ഉപയോഗിച്ചിരുന്നത്
9. പഴയത് ഉരുക്കി തന്നെ സ്വർണ്ണം എടുക്കണം എന്ന് എന്തിനായിരുന്നു വാശി?
10. സേവാ സംഘത്തിന് സ്വന്തമായി നിരവധി സെറ്റ് ആനച്ചമയങ്ങൾ ഉണ്ടല്ലോ. അതിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താ? സ്വന്തം കാലിലെ മന്ത് വേണം ആദ്യം ചികിത്സിക്കാൻ..
11. ഇവിടുത്തെ സ്വർണ്ണം ഉപയോഗിച്ചില്ലെങ്കിൽ ദേവസ്വം അത് ഹെഡ് ഓഫിസിലേക്ക് കൊണ്ട് പോകും എന്താ വാദഗതി! അതിനല്ലേ മാഷേ സേവാ സംഘം. അത് പോലെയുള്ള തോന്നിവാസം തടയാൻ സേവാ സംഘത്തിന് കഴിയില്ല എങ്കിൽ എന്തിനാടോ രണ്ടാം മുണ്ടും ഇട്ട് തേരാ പാരാ നടക്കുന്നത്?
12. എല്ലാം ശ്രീ പൂർണ്ണത്രയീശന് വേണ്ടിയല്ലേ!!! എന്താ ഭക്തി! അങ്ങിനെയെങ്കിൽ എന്താ മാഷെ ഭക്തരുടെ പക്കൽ നിന്നും പൈസ പിരിച്ച് വാങ്ങിയ ആനയെ ആനകൊതിയനായ ശ്രീ പൂർണ്ണത്രയീശന് നടയ്ക്കിരുത്താത്തത്? നടയ്ക്കിരുത്തിയാൽ അതിനെയും ദേവസ്വം ബോർഡ് കൊണ്ട് പോകുമെങ്കിൽ തടയണം മാഷേ.
അതിനല്ലേ മാഷേ സേവാ സംഘം. അത് പോലെയുള്ള തോന്നിവാസം തടയാൻ സേവാ സംഘത്തിന് കഴിയില്ല എങ്കിൽ എന്തിനാടോ രണ്ടാം മുണ്ടും ഇട്ട് തേരാ പാരാ നടക്കുന്നത്?
 ഇനിയും വൈകീട്ടില്ല….
സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ, ഭക്തരേ… നിങ്ങൾ..
ഉത്തിഷ്ഠത ജാഗ്രത
ജ്യേഷ്ഠസഹോദരന്മാരെ പോലെ കണ്ടിരുന്ന, നന്മ നിറഞ്ഞവർ എന്ന് കരുതിയിരുന്ന ഭഗവത് നാമധാരികളുമായ ചില മഹത്തുക്കൾ (സേവാ സംഘം പ്രവർത്തക സമിതി അംഗങ്ങൾ) സേവാ സംഘം ഭരണാധികാരിയുടെ തോന്നിവാസങ്ങൾക്കും  റാൻ മൂളുന്നു എന്നത് ഹൃദയഭേദകമാണ്. അവർക്കെങ്കിലും സദ്ബുദ്ധി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഉത്സവഭ്രാന്തൻ വിനയന്റെ നാല് വരി കടമെടുക്കട്ടെ!
ശ്രീ പൂർണ്ണത്രയീശാ കനിയൂ ഭഗവാനെ
പലജന്മം ഇവിടെ ജനിക്കാൻ
നിൻ മതിലകത്തെന്നും ഉത്സവപായസം
മതിവരുവോളം നുകരാൻ ..