കൊച്ചി ദേവസ്വം ബോര്‍ഡിന്റെ അനീതി രാജകുടുംബാംഗങ്ങളുടെയും ഭക്തരുടെയും പ്രതിഷേധം

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പൈതൃക സ്വത്തില്‍ ഉള്‍പ്പെട്ട അമൂല്യമായ നെറ്റിപ്പട്ടം ഉരുക്കി നശിപ്പിക്കാന്‍ ഒരുങ്ങുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ രാജകുടുംബാംഗങ്ങളുടെയും ഭക്തരുടെയും പ്രതിഷേധം ശക്തമാകുന്നു. രാജഭരണകാലത്ത് നിര്‍മിച്ച സ്വര്‍ണ നെറ്റിപ്പട്ടം അതുപോലെ തന്നെ സൂക്ഷിക്കണമെന്ന ആവശ്യം കണ്ടില്ലെന്ന് നടിക്കുന്ന ദേവസ്വം അധികാരികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.
‘ജന്മഭൂമി’യാണ് ഈ സംഭവം പുറത്തുകൊണ്ടുവന്നത്. ശ്രീപൂര്‍ണത്രയീശന്റെ തൃക്കേട്ട പുറപ്പാട് തൊട്ടാണ് ഉത്സവദിനങ്ങളില്‍ എഴുന്നള്ളിപ്പിന് സ്വര്‍ണ നെറ്റിപ്പട്ടം ഉപയോഗിക്കുന്നത്. ഇനി ഉത്സവത്തിന് ഒന്‍പത് മാസം ഉണ്ടായിട്ടും മാര്‍ച്ചു മാസത്തില്‍ തന്നെ പുതിയ നെറ്റിപ്പട്ടം നിര്‍മിക്കാന്‍ അധികൃതര്‍ തിടുക്കം കൂട്ടുന്നത് സംശയത്തിന് ഇടയാക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള സ്വര്‍ണവും ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന സ്വര്‍ണവും പണവും ഉപയോഗിച്ചാണ് പുതിയ നെറ്റിപ്പട്ടം നിര്‍മിക്കുന്നതെന്നാണ് ബോര്‍ഡിന്റെ ഭാഷ്യം.
എന്നാല്‍ അമൂല്യവും അപൂര്‍വ്വവുമായ കല്ലുകളും സ്വര്‍ണ്ണവും ഉപയോഗിച്ച നിര്‍മ്മിച്ച നെറ്റിപ്പട്ടം നഷ്ടപ്പെടുമെന്ന വിഷമത്തിലാണ് രാജകുടുംബം. ദേവസ്വം ബോര്‍ഡ് കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നു. പുരാവസ്തു മൂല്യമുള്ളതും ദൈനംദിന ആവശ്യങ്ങള്‍ക്കുള്ളതും മറ്റു ഉരുപ്പടികള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ച് വ്യക്തമായ മൂല്യനിര്‍ണയം നടത്തണം എന്ന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.