രാജഭരണകാലം മുതല്‍ പൂര്‍ണ്ണത്രയീശന്റെ ഉത്സവത്തിന് തൃക്കേട്ട നാള് മുതല്‍ ഉപയോഗിക്കുന്ന സ്വര്‍ണ നെറ്റിപ്പട്ടം ഉരുക്കുന്നു. പുതിയ നെറ്റിപ്പട്ടം നിര്‍മിക്കുന്നതിനാണ് നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വിലമതിക്കാനാകാത്ത അമൂല്യശേഖരം ഇല്ലാതാക്കുന്നത്. ഇതിനെതിരെ ഭക്തജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്വര്‍ണ തലേക്കെട്ടും കോലവും അമൂല്യവസ്തുവായി നിലനിര്‍ത്തണമെന്നാണ് ഭക്തരുടെ ആവശ്യം.
കൊച്ചി ദേവസ്വം ബോര്‍ഡും പൂര്‍ണ്ണത്രയീശ സേവാ സംഘവുമാണ് പുതിയ സ്വര്‍ണ തലേക്കെട്ടും കോലവും നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പണപിരിവ് നടക്കുന്നുണ്ടെങ്കിലും പഴയ സ്വര്‍ണക്കോലത്തിലെ സ്വര്‍ണവും ഉപയോഗിക്കാനുള്ള തീരുമാനമാണ് വിവാദമായിരിക്കുന്നത്.
അമൂല്യങ്ങളായ രത്നങ്ങളും കല്ലുകളും പതിച്ചതാണ് തലേക്കെട്ടും കോലവും. സ്ഥാനമൊഴിഞ്ഞ രാജര്‍ഷി മഹാരാജാവ് പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന 14 തലേക്കെട്ടുകള്‍ ഉപയോഗിച്ചാണ് കൊച്ചി റെയില്‍ പാത സാക്ഷാത്കരിച്ചത്. ആ ഗണത്തില്‍പ്പെട്ട തലേക്കെട്ടാണ് പുരാവസ്തുമൂല്യം അറിയാതെ ദേവസ്വം അധികൃതര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. വലിയ ആനകള്‍ക്ക് ചേര്‍ന്നതല്ല ഇപ്പോഴുള്ള നെറ്റിപ്പട്ടം എന്നാണ് പുതിയത് നിര്‍മ്മിക്കാന്‍ അധികൃതരുടെ ന്യായം. എന്നാല്‍ ചെങ്ങല്ലൂര്‍ രംഗനാഥന്, ചേന്നാസ്, ചേലൂര്‍, നാണു എഴുത്തച്ഛന്, ശ്രീനിവാസന് എന്നീ വളരെ വലുപ്പമുള്ള ആനകള്‍ക്ക് വരെ ഇതേ തലേക്കെട്ടാണ് ഉപയോഗിച്ചിരുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിയുടെ കല്‍മണ്ഡപം പൊളിച്ചു ക്ഷേത്ര പൈതൃകത്തെ വെല്ലുവിളിച്ച ശക്തികള്‍ തന്നെയാണ് തൃപ്പൂണിത്തുറയിലും പൈതൃകത്തെ നശിപ്പിക്കുന്നതെന്ന് ഭക്തജനങ്ങള്‍ ആരോപിച്ചു. മുന്‍പ് ക്ഷേത്ര സ്വത്തുക്കള്‍ തൃശൂരിലേക്ക് മാറ്റാന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡിനെ കോടതി അതില്‍ നിന്നും വിലക്കിയിട്ടുണ്ട്.
ജന്മഭൂമി: http://www.janmabhumidaily.com/news387293#ixzz4AtSesQD8